ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരുടെ വേഷമണിഞ്ഞ് സ്ഥാപനങ്ങളെയും വ്യക്തികളെയും വ്യാജ വാര്‍ത്തകളുടെ പേരില്‍ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോടും പോലീസ് അധികൃതരോടും ആവശ്യപ്പെട്ടു. ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ പോലീസ് നടപ്പിലാക്കിയ 'ഓപ്പറേഷന്‍ തൂഫാന്‍' മാതൃകയില്‍ ബ്ലാക്ക് മെയിലിങ് മാധ്യമപ്രവര്‍ത്തനത്തിനെതിരെയും പ്രത്യേക ഡ്രൈവ് വേണമെന്ന് കോം ഇന്ത്യ വ്യക്തമാക്കി.
യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക് പേജുകള്‍, 'ന്യൂസ്' എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്താണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങും അരങ്ങേറുന്നത്.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നു
സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വ്യാപാരികള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍ നിന്ന് വ്യാജ വാര്‍ത്തകള്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇത്തരം സംഘങ്ങള്‍ തട്ടിയെടുക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വലിയ അവമതിപ്പുണ്ടാക്കുകയാണ്.
വ്യാജന്മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം ഡിജിറ്റല്‍ മാധ്യമ മേഖലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കോം ഇന്ത്യ തീരുമാനിച്ചു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കും; പ്രത്യേക വാട്‌സ്ആപ്പ്/ഫോണ്‍ നമ്പറുകള്‍ വേണം
ബ്ലാക്ക് മെയിലിങ് മാധ്യമപ്രവര്‍ത്തനം നടത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, സംസ്ഥാന പോലീസ് മേധാവി (DGP) എന്നിവര്‍ക്ക് സംഘടന ഉടന്‍ തന്നെ ഔദ്യോഗികമായി പരാതി നല്‍കും.
മാധ്യമരംഗത്തെ ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാന്‍, ബ്ലാക്ക് മെയിലിങ് സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാന്‍ പ്രത്യേക ഔദ്യോഗിക നമ്പര്‍ അനുവദിക്കണം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക അന്വേഷണ സംവിധാനവും പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതാ അറിയിപ്പുകളും ഏര്‍പ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

0 Comments