മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കൃഷി വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി മന്ത്രി ടി.സിദ്ദീഖിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി സ്വാധീനമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.
ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍.വി ബാബു ആരോപിച്ചു. ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. പ്രതിഷേധത്തിന് പിന്നില്‍ ഇസ്‌ലാമി തീവ്രവാദ അജണ്ടയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
'ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്‌ലിം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്നും ആര്‍.വി ബാബു പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മന്ത്രി ടി സിദ്ധിക്കിനൊപ്പം വാര്‍ത്ത സമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ് . തന്റെ ജോലിയുടെ ഭാഗമായിട്ടാണ് ശ്രീറാം മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത് . എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു കുറ്റാരോപിതന്‍ മാത്രമാണ് എന്ന സത്യം മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാത്തതല്ല.
ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയില്‍ അയാള്‍ കുറ്റക്കാരനല്ല. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു.
മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു വശത്ത് ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സര്‍വ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ.
ഇന്നലെ നിയമസഭയിലെ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനം നടത്തവേയാണ് കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ മന്ത്രിയുടെ ഒപ്പമിരുത്തി വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ നിലപാടെടുക്കുകയായിരുന്നു.
'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്' എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളന ഹാളില്‍ പ്രതിഷേധം കടുപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെയും മാധ്യമപ്രവര്‍ത്തകര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയും ശ്രീറാം വെങ്കിട്ടരാമന്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിപ്പോകാന്‍ നിര്‍ബന്ധിതനായി. ശ്രീറാം പുറത്തുപോയതിന് ശേഷമാണ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം പുനരാരംഭിക്കാന്‍ സാധിച്ചത്.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണം. 2019 ഓഗസ്റ്റ് 3-ന് പുലര്‍ച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്‍പിലുണ്ടായ അപകടത്തിലാണ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന അമിതവേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
അപകടം നടന്ന തുടക്ക സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് വലിയ രീതിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതുവരെ ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ടായിരുന്നിട്ടും മെഡിക്കല്‍ പരിശോധനകള്‍ വൈകിപ്പിച്ചത് അന്ന് പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
അതേസമയം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രി പി പ്രസാദിനൊപ്പം ശ്രീരാം വെങ്കിട്ടരാമന്‍ പലതവണ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അന്നൊന്നും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ല. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

0 Comments