*15,000 പേരെ ലക്ഷ്യമിട്ട് കൂട്ടക്കൊലാ ശ്രമം; മുംബൈയില്‍ മൊഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത യുവാവ് പിടിയില്‍; വന്‍ ദുരന്തം ഒഴിവാക്കിയത് മൂന്ന് വനിതാ വോളന്റിയര്‍മാര്‍*


 മൊഹറം ഘോഷയാത്രയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ മാരക വിഷം അടങ്ങിയ ഗുളികകള്‍ വിതരണം ചെയ്ത യുവാവ് പിടിയിലാകുമ്പോള്‍ ഉയരുന്നത് വന്‍ ദുരൂഹത. മുംബൈയിലെ ബൈക്കുള മേഖലയില്‍ നിന്നും ഫയാസ് പ്രേംജി എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നല്‍കിയ ഗുളികകള്‍ കഴിച്ച പതിനൊന്നോളം പേര്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് രാജ്യം നടുങ്ങിയ ഈ ഭീകര കൊലപാതക ശ്രമം പുറത്തറിഞ്ഞത്.


റേ റോഡിലെ റഹ്‌മതാബാദ് ശ്മശാനത്തിന് സമീപം നടന്ന ആശൂറ ഘോഷയാത്രയ്ക്കിടെയാണ് പ്രതി ആസൂത്രിതമായി ഗുളികകള്‍ വിതരണം ചെയ്തത്. ഘോഷയാത്രയിലെ വന്‍ ജനത്തിരക്ക് മുതലെടുത്ത്, ഇവ വേദനസംഹാരികളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളുമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആളുകള്‍ക്ക് നല്‍കിയത്. എന്നാല്‍ പ്രതി വിതരണം ചെയ്ത കാപ്‌സ്യൂളുകളില്‍ മാരകമായ 'സിങ്ക് ഫോസ്ഫൈഡ്' എന്ന വിഷ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പരിശോധനയില്‍ സ്ഥിരീകരിച്ചു. എലിവിഷത്തിലും മറ്റ് കീടനാശിനികളിലും ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ രാസവസ്തുവാണിത്. കുറഞ്ഞത് 15,000 ആളുകളെയെങ്കിലും വിഷം നല്‍കി കൂട്ടക്കൊല ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ചോദ്യംചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.




മൊഹറം പരിപാടിക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് വനിതാ വോളന്റിയര്‍മാരുടെ സമായാചിതമായ ഇടപെടലും ജാഗ്രതയുമാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചത്. ഫയാസ് പ്രേംജി സംശയാസ്പദമായ രീതിയില്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ തന്നെ ഇയാളെ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വോളന്റിയര്‍മാര്‍ കാപ്‌സ്യൂള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ സംശയാസ്പദമായ രീതിയില്‍ വിഷപ്പൊടി കണ്ടെത്തിയത്. തുടര്‍ന്ന് അപകടം മണത്ത ഇവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ആരും തന്നെ വിതരണം ചെയ്ത ഗുളികകള്‍ കഴിക്കരുതെന്ന് ലൗഡ്സ്പീക്കറിലൂടെ ഉടനടി അനൗണ്‍സ്മെന്റും നടത്തി.



പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്നും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 14,900 വിഷഗുളികകള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇതിനോടകം തന്നെ വലിയൊരു അളവ് ഗുളികകള്‍ ജനങ്ങള്‍ക്കിടയിലേക്ക് വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുകൂടാതെ വന്‍തോതില്‍ ജനങ്ങളെ അപായപ്പെടുത്താനായി 30,000 കാപ്‌സ്യൂളുകള്‍ക്കും 50 കിലോഗ്രാം ഫോസ്ഫറസിനും പ്രതി മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്

ഇതിനിടെ ഇയാള്‍ നല്‍കിയ ഗുളികകള്‍ അബദ്ധത്തില്‍ കഴിച്ച 11 പേര്‍ക്ക് കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


അറസ്റ്റിലായ ഫയാസ് പ്രേംജിക്ക് അന്താരാഷ്ട്ര തലത്തില്‍ വിദേശ പശ്ചാത്തലമുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ മുന്‍പ് ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതായി പാസ്പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇത്രയും വലിയൊരു കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഏതെങ്കിലും നിരോധിത ഭീകരവാദ സംഘടനകളുടെ ബന്ധമോ അന്താരാഷ്ട്ര ഗൂഢാലോചനയോ ഉണ്ടോയെന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments