*ഭാര്യയുടെ ദേഹത്ത് സാത്താന്‍ കൂടിയെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയ ഭര്‍ത്താവ്; ഭസ്മവും തകിടുമായി വന്നപ്പോള്‍ കൂടോത്രം വേണ്ടെന്ന് പറഞ്ഞ് എതിര്‍ത്തു ഭാര്യ; വഴക്കായപ്പോള്‍ റെജിലയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ചു സജീര്‍; ആയൂരിലെ അതിക്രമത്തില്‍ കേസെടുത്തു പോലീസ്*

സാംസ്‌ക്കാരിക കേരളത്തെ നടുക്കിയ സംഭവമായിരുന്നു ഇലന്തൂരിലെ നരബലി ആരോപണം. ഇതിന് ശേഷവും കേരളത്തില്‍ പലയിടത്തും മന്ത്രവാദത്തെ കുറിച്ചുള്ള നടുക്കുന്ന വാര്‍ത്തകള്‍ എത്തി. ഇപ്പോഴും അത്തരം വാര്‍ത്തകള്‍ പതിവായി കേരളത്തില്‍ വന്നു കൊണ്ടിരിക്കയാണ്. തിരുവനന്തിരം - കൊല്ലം ജില്ലാതിർത്തിയായ ആയൂരിൽ നിന്നും മന്ത്രവാദത്തിന്റെ പേരില്‍ നടന്ന അതിക്രമത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. മന്ത്രവാദത്തിന് തയ്യാറാവാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചവെന്നതാണ് വാര്‍ത്ത. ആയൂരിലാണ് സംഭവം. 36 വയസുകാരിയായ റെജില ഗഫൂറിനാണ് പൊള്ളലേറ്റത്. ഇവരുടെ ഭര്‍ത്താവ് സജീറീനെതിരെ ചടമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണിയോടുകൂടിയാണ് സംഭവം. കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താന്‍ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചല്‍ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് റെജിലയെ സജീര്‍ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്ര വാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ട് വന്നു. എന്നാല്‍ കൂടോത്രം തനിക്ക് വേണ്ടെന്ന് പറഞ്ഞ് റജില എതിര്‍ത്തു. രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് അടുപ്പിലുണ്ടായിരുന്ന മീന്‍ കറിയെടുത്ത് സജീര്‍ റെജിലയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. റെജിലയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റെജിലയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. റെജിലയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് ഭര്‍ത്താവ് സജീറീനെതിരെ കേസെടുത്തു.

Post a Comment

0 Comments